Sunday, May 5, 2024
spot_img

ജമ്മു കശ്‌മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര: നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം; എട്ട് മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പതക്ക്

ദില്ലി: ജമ്മു കശ്‌മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. മാത്രമല്ല ശ്രീജിത്തിന് ഉൾപ്പടെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് രാജ്യം ശൗര്യചക്ര നല്‍കി ആദരിക്കുക.

ഒളിമ്പിക്സിലെ നേട്ടത്തിന് സുബേദാർ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും. ടോക്കിയോ ഒളിമ്ബിക്‌സിൽ ജാവലിന്‍ ത്രോയിൽ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയതിനാണ് ഈ അംഗീകാരം.

അതേസമയം മരണാന്തരബഹുമതിയായി ഒമ്പത് പേർക്ക് അടക്കം പന്ത്രണ്ട് ജവാന്മാർക്കാണ് ശൗര്യചക്ര സമ്മാനിക്കും. കരസേനയിൽ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര്‍ സിആര്‍പിഎഫ് ജവാന്മാരാണ്.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് നിയന്ത്രണരേഖയിൽ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചതിനു ശേഷമാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

എം. ശ്രീജിത്തിന് പുറമേ ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ശിപായി ജസ്വന്ത് കുമാര്‍, ഹവില്‍ദാര്‍ പിങ്കു കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അജീത് സിങ്, വികാസ് കുമാര്‍, അനിരുദ്ധ് പ്രതാപ് സിങ്, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.

29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്ക്, അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്, എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്നാന്‍ എന്നിവര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് തുടങ്ങിയ മൂന്നു മലയാളികൾക്ക് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം ലഭിച്ചു.

Related Articles

Latest Articles