ദില്ലി: വിദ്യാഭ്യാസമേഖലയ്ക്ക് ഇനി സുവർണ്ണകാലം. കോവിഡ് പ്രതിസന്ധിയിലും രാജ്യത്തിന് കൂടുതൽ ഊർജ്ജമായി ബജറ്റ് 2022. നിരവധി വമ്പൻ പദ്ധതികളാണ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് ബജറ്റിൽ (Budjet 2022) പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളേയും ഇത് പ്രാപ്തമാക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും. അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷന്‍ അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. അതേസമയം പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ ഊന്നൽ നൽകുന്നത് നാല് കാര്യങ്ങൾക്കെന്ന് ധനമന്ത്രി പറഞ്ഞു. പാർലമെന്‍റിൽ ബജറ്റ് പ്രസംഗം ആരംഭിക്കവെയാണ് ധനമന്ത്രി ആമുഖമായി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതി, എല്ലാവർക്കും വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്കാണ് ബജറ്റ് 2022ൽ കേന്ദ്രം ഊന്നൽ നൽകുന്നത്.

