കീവ്: യുക്രെയിനിൽ ശക്തമായ ആക്രമണമാണ് (Russia-Ukraine War) നടന്നുകൊണ്ടിരിക്കുന്നത്. യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് യുക്രെയ്‌നിലെ 33 ഇടങ്ങളിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യൻ അധിനിവേശത്തെ ചെറുക്കുന്ന യുക്രെയ്ൻ ജനതയുടെ ധൈര്യത്തെ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പുകഴ്‌ത്തിയിരുന്നു. യുക്രെയ്‌നെ പ്രതിരോധിക്കാൻ എല്ലാ സൈനിക വിഭാഗവും പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം യുദ്ധം തുടങ്ങിയ ശേഷം 48 മണിക്കൂറിനുളളിൽ 50,000 ത്തിലധികം പേർ യുക്രെയ്‌നിൽ നിന്നും പലായനം ചെയ്തുവെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. മൂന്നാം ദിനമായ ഇന്നും ശക്തമായ ആക്രണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒഡേസ തുറമുഖത്തിന് സമീപം രണ്ട് കപ്പലുകൾ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി യുക്രെയ്ൻ അറിയിച്ചു. മാൾഡോവിന്റെയും പനാമയുടേയും രണ്ട് കപ്പലുകൾ റഷ്യ നശിപ്പിച്ചുവെന്നാണ് യുക്രെയ്ൻ അറിയിച്ചത്. മാൾഡോവിന്റെ കെമിക്കൽ ടാങ്കറും ധാന്യങ്ങളുമായെത്തിയ പനാമയുടെ ചരക്ക് കപ്പലുമാണ് തകർന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. അതേസമയം വിമാനം തകർന്നുവെന്ന വിവരം റഷ്യ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

