ബദരീനാഥ്: തിരക്കഥ പരിശോധിക്കാതെ ക്ഷേത്രത്തിൽ സിനിമയുടെ ചിത്രീകരണം അനുവദിക്കില്ലെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി(Badrinath-Kedarnath Temple Committee disallows shooting of films unless script is vetted). ക്ഷേത്രത്തിൽ സിനിമയോ പാട്ടോ ചീത്രീകരിക്കണമെങ്കിൽ അതിനുമുൻപ് അതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ കമ്മിറ്റിയെ അറിയിക്കണമെന്നും ക്ഷേത്ര കമ്മിറ്റി അധികൃതർ അറിയിച്ചു.
അവർ ചിത്രീകരിക്കാൻ പോകുന്ന സിനിമയായാലും പാട്ടായാലും ഉദ്ദേശലക്ഷ്യം രേഖാമൂലം സമർപ്പിക്കേണ്ടതും ഉദ്ദേശ്യം പരിശോധിച്ച ശേഷമേ സമിതി അനുമതി നൽകൂവെന്നും കമ്മിറ്റി വ്യക്തമാക്കി.
ഇതിനുശേഷം പ്രൊഡക്ഷൻ ഹൗസുകൾ സമർപ്പിച്ച രേഖാമൂലമുള്ള ഈ വിവരങ്ങൾ ക്ഷേത്ര കമ്മിറ്റി അധികൃതർ പരിശോധിക്കും. അവർ സിനിമയുടെ തിരക്കഥയും ചിത്രീകരണത്തിന്റെ ഉദ്ദേശ്യവും പരിശോധിക്കും.
അടുത്തിടെ ജോഷിമഠിലെ നർസിംഗ് ക്ഷേത്ര സമുച്ചയത്തിൽ ഒരു ഗാനം ചിത്രീകരിക്കുന്നതിനെതിരെ പ്രദേശത്തെ നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് അധികൃതർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ചിത്രീകരണത്തിന്റെ തിരക്കഥയും ലക്ഷ്യവും ആധികാരികമാണെങ്കിൽ മാത്രമേ സമിതി അനുമതി നൽകൂവെന്ന് ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പറഞ്ഞു.
“ബദരീനാഥിലെ ക്ഷേത്രങ്ങൾ പരിപാലിക്കുന്നത് ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയാണ്, ഈ ക്ഷേത്രപരിസരത്ത് അനുമതിയില്ലാതെ നിരവധി സിനിമകളും ഗാനങ്ങളും ചിത്രീകരിച്ചതായി ഞങ്ങൾ കണ്ടെത്തി. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി ഷൂട്ടിംഗ് അനുവദിക്കൂ,” എന്നും അജയ് വ്യക്തമാക്കി.

