പത്തനംതിട്ട: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പുരോഹിതൻ പോണ്ട്സൺ ജോണിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. പുരോഹിതനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും സഭ മാറ്റി. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് സഭ ഉത്തരവും പുറപ്പെടുവിച്ചു.
അതേസമയം പ്രതി പോണ്ട്സൺ ജോണിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയില്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിന് എത്തിയ 17 വയസ്സുള്ള പെൺകുട്ടിക്ക് നേരെയാണ് പുരോഹിതൻ ലൈംഗിക അതിക്രമം കാണിച്ചത്.
പെൺകുട്ടി പഠനത്തില്‍ ശ്രദ്ധചെലുത്താത്തതിനെ തുടര്‍ന്ന്, അമ്മയാണ് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി പുരോഹിതന്റെ അടുത്ത് എത്തിച്ചത്. എന്നാല്‍, ഇതിനിടെ പോണ്ട്‌സണ്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആദ്യം പുരോഹിതന്റെ വീട്ടിൽ വെച്ചും, രണ്ടാമത് പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പീഡനം നടത്തിയത്.
മാത്രമല്ല കൗൺസലിങിന്റെ ഭാഗമായി, സഹകരിക്കണമെന്ന് പറഞ്ഞാണ് പീഡനത്തിരയാക്കിയത്. പിന്നാലെ പെണ്‍കുട്ടി തന്റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. സഹപാഠി ഈ വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ വഴിയാണ് അദ്ധ്യാപിക പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്.

