Thursday, October 22, 2026

സഞ്ജിത്ത് വധക്കേസ്: കേസ് സിബിഐ അന്വേഷിക്കണം; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: സഞ്ജിത്ത് കൊലപാതകത്തിൽ കേസ് (Sanjit Murder Case) സിബിഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷണം. അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നീരീക്ഷണം. സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജി വിധി പറയാനായി മാറ്റി. സഞ്ജിത്തിന്റെ ഭാര്യ അർഷികയായിരുന്നു കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്.

എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളാണെന്നും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിനാൽ സിബിഐയ്‌ക്ക് നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

സഞ്ജിത്തിനെ രാഷ്‌ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 2021 നവംബർ 15നാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് -തൃശൂർ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

Related Articles

Latest Articles