Tuesday, May 21, 2024
spot_img

കൊലപാതകത്തിനു പിന്നിൽ നിരോധിത സംഘടനകൾ; സഞ്ജിത് വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാലക്കാട്: സഞ്ജിത് വധക്കേസ് സിബിഐയ്ക്ക് (Sanjit Murder In Palakkad) വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ. കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും, സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നും ചൂണ്ടിക്കാട്ടിയാണ് അർഷിക കോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്ത് പ്രതികൾക്ക് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയും, സർക്കാർ കാട്ടുന്ന അലംഭാവവും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്.

അതോടൊപ്പം സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ മാസം 28 നായിരുന്നു അവസാനമായി കോടതി ഹർജി പരിഗണിച്ചത്.

കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിയിൽ മാറ്റം വരുത്തുവാൻ വാദിഭാഗം സാവകാശം തേടിയിരുന്നു. ഇതേ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ കേസ് നിർണായക ഘട്ടത്തിലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ കഴിഞ്ഞ തവണയും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സഞ്ജിത്തിനെ രാഷ്‌ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Related Articles

Latest Articles