തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയുടെ ജാമ്യാപേക്ഷ തള്ളി. കൊലപാതകത്തിൽ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയാണ് ജാമ്യഹർജി നൽകിയത്. തുടർന്ന് തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് യുവതിയുടെ ജാമ്യഹർജി തള്ളുകയായിരുന്നു.
മേഘ കേസിലെ രണ്ടാം പ്രതി ചിറ്റാട്ടുകര വീട്ടിൽ പോൾസൺ മാനുവലുമായി പ്രണയത്തിലായിരുന്നു. ഇതിനു പിന്നാലെ യുവതി ഗർഭിണിയാവുകയും വിവരം മറ്റാരും അറിയാതിരിക്കുന്നതിനായി കുട്ടിയെ ബാത്റൂമിലെ ബക്കറ്റിൽ വെള്ളത്തിൽ മുക്കി മേഘ കൊലപ്പെടുത്തുകയായിരുന്നു.
തൃശൂർ ടൗൺ വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിനടുത്തുള്ള കനാൽ വെള്ളത്തിൽ സഞ്ചിയിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാത്രമല്ല പോൾസണും സുഹൃത്തായ മൂന്നാം പ്രതി അമലും ചേർന്ന് മൃതദേഹം കനാലിൽ തള്ളി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.

