കേസന്വേഷണത്തിനായി അതിര്‍ത്തി കടന്ന് പലസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനായി കേരള പോലീസിന് ഇനി പ്രത്യേക ഫണ്ട് ലഭിക്കും. ഒരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതമാണ് ഫണ്ടായി ലഭിക്കുക. ഇതുവരെ അന്വേഷണത്തിന്റെ ഭാഗമായുള്ള ദൂരയാത്ര നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം പണമാണ് ഉപയിഗിച്ചിരുന്നത്.
സംസ്ഥാന അതിര്‍ത്തി കടന്നുള്ള കേസ് അന്വേഷണം നിലവില്‍ പോലീസുകാര്‍ക്ക് എപ്പോഴും ബാധ്യതയായി തീരാറാണ് പതിവ്. എന്നാൽ ഫണ്ട് ലഭിക്കുന്നതോടെ ഇതിനൊരു അന്ത്യമാകും. സ്റ്റേഷന് പരിധി വിട്ടുള്ള കേസന്വേഷണ യാത്രകള്‍ക്ക് ഓരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതം പദ്ധതി വിഹിതത്തില്‍ നിന്ന് അനുവദിക്കാനാണ് തീരുമാനം.
നിലവില്‍ സ്റ്റേഷന് ഓഫീസര്‍മാര്‍ കൈയ്യില്‍ നിന്നും പണം ചിലവഴിച്ചതിന് ശേഷം ബില്ലുകള്‍ ഹാജരാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടാണ് പണം ലഭിക്കുക. പുതിയ തീരുമാനത്തോടെ ജില്ലാ പോലീസ് മേധാവിക്ക് തന്നെ ട്രഷറിയില്‍ നിന്ന് ഫണ്ട് നല്കാന് കഴിയും.
കൂടാതെ സംസ്ഥാന പോലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിനായി പുതിയ 233 തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനിച്ചു.

