അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സാഹിദിന്റെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരുടെ ദുപ്പട്ട ഉപയോഗിച്ചാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. സംഭവത്തില്‍ ഇന്ന് രാവിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂണ്‍ രണ്ടിനാണ് രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ 5 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശില്‍പ്പ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി നിര്‍ദ്ദേശം നല്‍കി.

