Wednesday, May 15, 2024
spot_img

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; പോലീസ് കേസെടുത്തു

കോട്ടയം:ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ ചികിത്സ നല്‍കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് സ്വകാര്യ ലാബുകള്‍ക്കുമെതിരെയാണ് കേസ്.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന് മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കല്‍ പരിശോധനയിലും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ മെഡിക്കല്‍ കോളേജ് പതോളജി ലാബിലും, സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു.

മെഡിക്കല്‍കോളേജിലെ തിരക്ക് കാരണമാണ് സ്വകാര്യ ലാബുകളേക്ക് വിടുന്നതെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച അധ്യാപകനാണ് സ്വകാര്യ ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അതിന് വിശ്വാസ്യതയുള്ളതിനാലാണ് ചികിത്സ തുടങ്ങിയത് എന്നും മന്ത്രിക്ക് സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles