Thursday, May 16, 2024
spot_img

‘വിക്രം’ ഈസ് ബാക്ക്, ‘സിബിഐ 5’ലെ ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍; മമ്മൂട്ടി ചിത്രം നാളെ മുതൽ

ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുക്ക ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. കെ. മധു- എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ ആയി വരുമ്പോൾ പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. അയ്യരുടെ അഞ്ചാം വരവ് കളറാക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ‘സിബിഐ ദ ബ്രെയിൻ’ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ‘സിബിഐ 5 ദ ബ്രെയിനി’ലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെയുള്ള ‘സിബിഐ’ ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. ‘വിക്രം’ എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമില്‍ ഉണ്ടായിരുന്നത്.

സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മാത്രമല്ല മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും ജഗതി സിബിഐ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രത്തെ വീണ്ടും സ്‍ക്രീനില്‍ കാണാനാവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മാത്രമല്ല സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസന്റെ ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികൾ തന്നെയാകും ഈ ചിത്രത്തിലെയും സവിശേഷത. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ചാക്കോ ആയി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കറും ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്.

ഈ ചിത്രത്തിൽ നടി ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്‌ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെക്കൂടാതെ മുകേഷ്, രഞ്ജി പണിക്കർ, സായ് കുമാർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്ര അപ്പച്ചനാണ്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അതേസമയം 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

Related Articles

Latest Articles