Friday, January 9, 2026

പി.സി. ജോർജിന് എതിരെ വീണ്ടും നിയമ നടപടിക്കൊരുങ്ങി പോലീസ്;ജാമ്യ വ്യവസ്ഥ ലംഘിച്ചു: ജാമ്യം റദ്ദാക്കാനും നീക്കമെന്ന് സൂചന

 

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ പി.സി. ജോർജിന് എതിരെ വീണ്ടും നിയമ നടപടിക്കൊരുങ്ങി പോലീസ്. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിനായി പി.സി. ജോർജ് ഹാജരാകാത്തത്, ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം ഫോർട്ട് പോലീസ്, ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് എ.സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു പോലീസ് പി.സി. ജോര്‍ജിന് നിർദ്ദേശം നല്‍കിയിരുന്നത്.

എന്നാൽ, ആരോ​ഗ്യപ്രശ്നം മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നാണ് പി.സി. ജോർജ് പൊലീസിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ, തൃക്കാക്കരയിലെത്തിയ പി.സി. ജോര്‍ജ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന്, അന്വേഷണ സംഘം നിയമോപദേശം തേടാൻ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് മുമ്പേ, കോടതി ജാമ്യം അനുവദിച്ചിരുന്നത്. പി.സി. ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഹൈക്കോടതിയെ അറിയിക്കുന്നതിനും, അതുവഴി ജോർജിന്റെ ജാമ്യം റദ്ദാക്കാനുമുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

അതേസമയം സംസ്ഥാനത്തെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും, രാജ്യസ്നേഹമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ പിന്തുണയ്ക്കണമെന്നും മുൻ എം.എൽ.എ പി.സി. ജോർജ് പറഞ്ഞു ഇന്ത്യാ ​ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാൻ കിട്ടിയ ഏറ്റവും വലിയ അവസരമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പെന്നും പി.സി. ജോർജ് പറഞ്ഞു. കൂടാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ആളുകൾക്ക് തന്നോട് സ്നേഹമുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും തൃക്കാക്കരയിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേ വീടിനകത്തിരുന്ന സ്ത്രീകളും കുട്ടികളും തന്നെക്കണ്ട് ഓടിവന്നതായും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles