Wednesday, May 15, 2024
spot_img

കേസരി വാരിക കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു; അഡ്വ. കെ. എൻ.എ. ഖാദറിനു താക്കീത് നൽകി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം

കോഴിക്കോട്: കേസരി വാരിക കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഭവം വിവാദമായതിനെ തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ. എൻ.എ. ഖാദറിനു താക്കീത് നൽകി നേതൃത്വം. സംഭവത്തിൽ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിലാണു താക്കീത്. എന്നാൽ പങ്കെടുത്തത് ആര്‍എസ്‌എസ് പരിപാടിയില്‍ അല്ല മറിച്ച്‌ സാംസ്‌കാരിക പരിപാടിയിലാണ് എന്ന നിലപാടാണ് കെ എൻ ഖാദർ എടുത്തത്. കോഴിക്കോട് കേസരിയിൽ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആർ.എസ്.എസ് നേതാക്കളിൽ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്തതിനു പിന്നാലെയാണു കെ.എൻ.എ. ഖാദറിനെതിരേ ലീഗിൽ പ്രതിഷേധം ഉയർന്നത്.

കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ഇതായിരുന്നു വലിയ വിവാദത്തിന് വഴിതെളിച്ചത്. ഇതിന് പിന്നാലെ കെ.എന്‍.എ ഖാദര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്‌നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച്‌ ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിന്റെ പ്രതികരണം.

ഈ വിശദീകരണം സ്വീകരിച്ചാണു ഖാദറിനെതിരായ നടപടി താക്കീതിൽ ഒതുക്കിയത്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്നും മുസ്ലിം ലീ ഗ് പത്രക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles