Tuesday, January 13, 2026

തൂലികയിൽ സ്നേഹമൊഴുക്കിയ ബേപ്പൂർ സുൽത്താന്റെ 28 -ാം ചരമദിനം ഇന്ന്

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിന്ന വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് 28 -ാം ചരമദിനം. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് അദ്ദേഹം. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലം ആഹ്ളാദത്തിൽ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.

അദ്ദേഹത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ അന്യഭാഷകളിലേക്ക് വിവര്‍ത്തനെ ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് ഈ അനശ്വരകഥാകാരന്‍റെ പ്രമുഖ കൃതികളില്‍ ചിലത്. അന്യാദൃശ്യമായ പ്രമേയങ്ങള്‍, അന്യൂനമായ പാത്രസൃഷ്ടി, അനുപമമായ ആഖ്യാനശൈലി എന്നിവയായിരുന്നു, ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സ്നേഹവായ്പോടെ മലയാളികള്‍ വിളിച്ചിരുന്ന ബഷീറിന്‍റെ കൃതികളുടെ സവിശേഷത. പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെ സുല്‍ത്താന്‍റെ തൂലികയ്ക്ക് വിഷയീഭവിക്കാത്തതായി ഒന്നുമില്ല.

പ്രകൃതിയിലെ സകല ജീവികളെയും ബഷീർ സ്നേഹിച്ചിരുന്നു..ചിലരാത്രിയിൽ ബഷീർ എഴുതികൊണ്ടിരിക്കുമ്പോൾ ഏകാഗ്രതയെ നശിപ്പിച്ചുകൊണ്ട്,കട്ടുതിന്നാനെത്തിയ പൂച്ചകളെ ബഷീർ സഹായിച്ചിരുന്നതായി ബഷീർ കഥകൾ പറയുന്നു.. ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു ബഷീർ വിശ്വസിച്ചിരുന്നു.. അങ്ങനെ ബഷീറിന്റെ മുന്നിലെത്തിയ സകല ജീവികളും കഥാപത്രങ്ങളായി മൂർഖനും മൂക്കനും ആടും പൂച്ചയും ആനയുമെല്ലാം.

ഒരു ജീവിതത്തിന് ഇത്രയ്ക്കു വൈവിധ്യമാകാമെന്നു മനസ്സിലാകുന്നത് ബഷീറിന്റെ ജീവിത കഥയിലൂടെ കടന്നുപോകുമ്പോഴാണ്.. ഇത്രയ്ക്കു പച്ചയായി,ലളിതസുന്ദരമായി എഴുതാമെന്ന് ബോധ്യപ്പെടുന്നത് ആ കൃതികൾ വഴിക്കുമ്പോഴാണ്.. മറ്റുപലർക്കും പിൻഗാമികൾ വന്നേക്കാം.. എന്നാൽ ഒന്നുറപ്പ് ബഷീറിന് പകരം ബഷീർ മാത്രം….
അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഇന്ന് ആത്മാവിന് നിത്യശാന്തി ലഭിക്കക്കട്ടെ..!!!

Related Articles

Latest Articles