Tuesday, September 22, 2026

എകെജി സെന്‍റര്‍ ആക്രമണം; നാലാം ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ല, മൊബൈൽ ടവറും സിസിടിവിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പോലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. കേസിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കമ്മീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ, അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിൽ മുതിർന്ന ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. സ്ഫോടക വസ്തുവെറിഞ്ഞയാൾക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പോലീസിന് വലിയ നാണക്കേടായി.

അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലീസ് പരിശോധിക്കുകയാണ്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.

 

Related Articles

Latest Articles