ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകി കൃത്യം നടത്താൻ ഉപയോഗിച്ചത് സ്വന്തമായി നിർമ്മിച്ച നാടൻ തോക്കെന്ന് കണ്ടെത്തൽ. തോക്കുകൾ വിൽക്കാനും വാങ്ങാനും ഉപയോഗിക്കാനും കർശനനിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ജപ്പാൻ. അതുകൊണ്ട് തന്നെ തോക്കുപയോഗിച്ചുള്ള പ്രധാനമന്ത്രിയുടെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. കൊലപാതകി യമഗാമിയെ(41) സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു.
ജപ്പാൻ സമയം വെള്ളിയാഴ്ച രാവിലെ 11 30ഓടെയാണ് ജപ്പാനിലെ നഗരത്തിൽവെച്ച് ആബെയ്ക്ക് വെടിയേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. വൈകുന്നേരം അഞ്ച് മണിയോടെ ആബെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ജപ്പാൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥനാണ് യമഗാമി. ആബെയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സ്വന്തമായി നിർമ്മിച്ച തോക്കുകൊണ്ടാണ് വെടിയുതിർത്തതെന്നും യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു ജോടി പൈപ്പ് ഗൺ, തടികൊണ്ടുള്ള ബ്ലോക്ക്, ഡക്റ്റ് ടേപ്പ് എന്നിവ ഉപയോഗിച്ച് കൂട്ടിച്ചേർത്താണ് പ്രതി തോക്ക് നിർമ്മിച്ചതെന്നാണ് വിവരം. പൊതുസ്ഥലത്ത്, മെട്രോ സ്റ്റേഷനു പുറത്തു വച്ചാണ് ഷിൻസോ ആബേയ്ക്ക് വെടിയേറ്റത്. രണ്ടു ബുള്ളറ്റ് ശരീരത്തിലേറ്റ അദ്ദേഹം, ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയായിരുന്നു.

