Tuesday, November 3, 2026

ജാര്‍ഖണ്ഡില്‍ വ്യാപാരിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; മകള്‍ ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ

ജംഷഡ്പുര്‍ :ജാര്‍ഖണ്ഡില്‍ വ്യാപാരിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യപുരിലെ വ്യവസായി കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ അപര്‍ണ (19), കാമുകന്‍ രാജ്വീര്‍ സിങ് (21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്നും പ്രതികളായ രണ്ടു പേര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനു നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ്, മകളാണ് കൃത്യത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞു.

അപര്‍ണയും രാജ്വീറും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് എതിര്‍ത്തു. മകളുമായുള്ള അടുപ്പത്തിന്റെ പേരില്‍ രാജ്വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. ഇതിനിടെ മകള്‍ക്ക് വിവാഹാലോചനകളും കനയ്യസിങ് നടത്തുന്നുണ്ടായിരുന്നു.

വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു. കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. പണം കണ്ടെത്തുന്നതിനായി അപര്‍ണ വജ്രമോതിരവും രാജ്വീര്‍ സിങ്ങിന് നല്‍കി. രാജ്വീര്‍ ഈ മോതിരം വില്‍ക്കാതെ തന്നെ പണം കണ്ടെത്തി ക്വട്ടേഷന്‍ സംഘത്തിന് നല്‍കി.

Related Articles

Latest Articles