ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുമ്പോള്‍ ദേശിയ പതാകയുടെ ചരിത്രവും ശ്രദ്ധേയമാകുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യൻ ത്രിവർണ പതാക. കുങ്കുമം, വെള്ള, പച്ച നടുവിൽ നീല നിറത്തിൽ അശോകചക്രവുമായി നിലകൊള്ളുന്ന ദേശീയ പതാകയുടെ കഥയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്.
ആന്ധ്രാ പ്രദേശ് സ്വദേശിയായ പിംഗളി വെങ്കയ്യയാണ് ദേശീയപതാകയുടെ ശില്‍പി. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട 1857ലാണ് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്.
നിലവിൽ ആന്ധ്രാ പ്രദേശിന്റെ ഭാഗമായിട്ടുള്ള ഭട്ട്‌ലപെനുമരുവിൽ 1878 ഓഗസ്റ്റ് 2 ന് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ കേംബ്രിഡ്ജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വെങ്കയ്യ മടങ്ങിയെത്തി അദ്ദേഹം റെയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഭൂമിശാസ്ത്രം, കൃഷി, വിദ്യാഭ്യാസം, ഭാഷകൾ എന്നിവയിൽ വിശാലമായ അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് പിംഗളി കണ്ടുമുട്ടുന്നത്. രണ്ടാം ബോയര്‍ യുദ്ധത്തിന്റെ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടത് വെങ്കയ്യ ആയിരുന്നു. യുദ്ധത്തിന് ശേഷം മടങ്ങിയ ശേഷമാണ് വെങ്കയ്യ ദേശീയ പതാക നിര്‍മ്മിക്കുകയും രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തത്.
1916ൽ ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1918നും 1921നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.

