കൊച്ചി: പറവൂരില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ മകനെ ആക്രമിക്കുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് പിതാവ് കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
പരവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു വാക്കുതർക്കമുണ്ടായത്. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് കാർ ഓടിച്ചിരുന്നത്. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ കത്തിയുമായി ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പോലീസിന് നല്‍കിയ മൊഴി.
കാറിൽ തട്ടിയതിന് ശേഷം ബസ് നിര്‍ത്താതെ പോയതോടെ ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്താൻ ശ്രമിച്ചു. ഇത് തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു.
ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാർ വാഹനമെടുത്ത് കടന്നുകളയുകയായിരുന്നെന്നും ബസ് പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

