Friday, September 25, 2026

ഒടുവിൽ ഗവർണർ തന്നെ ജയിച്ചു; മുട്ടുമടക്കി കേരള സര്‍വകലാശാല വി.സി; സെനറ്റ് യോഗം ഉടൻ വിളിക്കും

തിരുവനന്തപുരം: ഗവർണറുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേരളസർവ്വകലാശാല വിസി ഡോ.മഹാദേവൻ പിള്ള. സെനറ്റ് യോഗം നടത്താമെന്ന് വിസി ഗവർണറെ അറിയിച്ചു. ഈ മാസം 11 നുള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് യോഗം ചേരാൻ വിസി തയ്യാറായത്.

കേരള സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേർക്കാനാവില്ലെന്നായിരുന്നു വിസിയുടെ നേരത്തെയുള്ള നിലപാട്. ഒക്ടോബർ 24ന് വിസിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്.
കൂടാതെ സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബർ 26 ന് മുൻപ് അറിയിക്കാൻ ഗവർണറുടെ ഓഫീസ് കേരള വിസിക്ക് നിർദേശം നൽകിയിരുന്നു.

പ്രതിനിധിയെ നൽകിയാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സമ്മര്‍ദം കടുപ്പിച്ചതോടെ സര്‍വകലാശാലയ്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശം സഹിതം വി.സി തിങ്കളാഴ്ച കത്ത് നൽകിയിരുന്നു. എന്നാൽ സെർച്ച്കമ്മിറ്റി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും വി.സിയുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.

Related Articles

Latest Articles