Tuesday, April 30, 2024
spot_img

മകനുമുന്നിൽ ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല : വികാരഭരിതയായി ഗ്രാൻഡ് സ്‍ലാം വേദികളോട് വിട പറഞ്ഞ്, ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ പൊരുതിത്തോറ്റ ശേഷം കണ്ണീരണിഞ്ഞു വേദിയിൽ വിടവാങ്ങൽ പ്രസംഗം നടത്തി ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിലെ ആരാധകർക്കു മുന്നിൽ തന്റെ അവസാന ഗ്രാൻഡ് സ്‍ലാം മത്സരശേഷം സാനിയ മിർസ വിതുമ്പി .സന്തോഷം കാരണമാണു കരയുന്നതെന്നും അവർ മെൽബണിൽ പറഞ്ഞു .

‘‘മെൽബണിലാണ് എന്റെ പ്രൊഫഷനൽ കരിയർ ആരംഭിച്ചത്. ഗ്രാ‍ൻഡ്‌‍സ്‍ലാമിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇനിയും കുറച്ചു ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നിൽ ഒരു ഗ്രാൻഡ് ‌സ്‌‍ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.’’– സാനിയ മിർസ കണ്ണീരോടെ പ്രതികരിച്ചു.

ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ തന്റെ അന്താരാഷ്ട്ര ടെന്നിസ് കരിയറിന് തിരശീലയിടുമെന്ന് 36 വയസ്സുകാരിയായ സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. മെൽബണിൽ മിക്സഡ് ‍ഡബിൾസ് ഫൈനലിൽ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോട് പൊരുതി തോൽക്കുകയായിരുന്നു.സ്കോർ: 6-7, 2-6.

രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിലും. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസിലും വിജയിച്ചു.

Related Articles

Latest Articles