Friday, May 17, 2024
spot_img

60 ദിവസത്തോളമായി ജയിലിൽ, ഏത് ഉപാധികളും അനുസരിക്കാം; സിദ്ധാർത്ഥ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: എസ് എഫ് ഐയുടെ കൂട്ടവിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ റിമാൻഡിലുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്‌ക്കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തോളമായി ജയിലിൽ ആണെന്നും ഏത് ഉപാധികളും അനുസരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.

ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളുടെ ക്രൂരമർദ്ദനത്തെ തുടർന്നാണ് മരണം എന്നാണ് പരാതി. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെ പ്രതികളാക്കി കൊണ്ടാണ് പ്രാഥമിക കുറ്റപത്രം. സിദ്ധാര്‍ത്ഥിന്‍റെ കോളേജ് ക്യാംപസിലെത്തി നേരത്തെ സിബിഐ വിശദമായ പരിശോധന നടത്തിയിരുന്നു. മുൻ വിസി, ഡീൻ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് അതിവേഗത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. റാഗിങ്, ആത്മഹാത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles