ശാന്തൻപാറ: പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും സോളാര്‍ വേലി സ്ഥാപിച്ച് വനം വകുപ്പ്.തകർന്ന റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ് റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.പന്നിയാറിലും ആനയിറങ്കലിലും റേഷന്‍കടകള്‍ക്കായി പുതിയ കെട്ടിടം നിർമ്മിക്കും.
കാട്ടാനയുടെ ആക്രമണത്തില്‍ റേഷൻ കട കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതിയിട്ടത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു. റേഷന്‍ കട താത്കാലികമായി പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറ്റി. പന്നിയാറിനൊപ്പം, ആനയിറങ്കലിലേയും റേഷന്‍ കടയ്ക്കായി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഹാരിസണ്‍ മലയാളം കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കാട്ടാന ആക്രമണം പതിവായ സാഹചര്യത്തില്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, ബിഎല്‍ റാം, കോഴിപ്പനകുടി തുടങ്ങിയ മേഖലകള്‍ക്കും സംരക്ഷണം ഒരുക്കി ഫെന്‍സിംഗ് സ്ഥാപിയ്ക്കും. ആകെ 21.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിംഗ് ഒരുക്കാനാണ് വനം വകുപ്പ് പദ്ധതി ഒരുക്കുന്നത്.

