Monday, June 17, 2024
spot_img

കണ്ണൂരില്‍ ഓടുന്ന കാറിന് തീപ്പിടിച്ചുണ്ടായ ദുരന്തം;ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡി

കണ്ണൂര്‍:ഓടുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിന് പിന്നിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സര്‍ക്യൂട്ടാവാമെന്ന് മോട്ടോർ വാഹന വകുപ്പ് .എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ എന്ന് വിശദപരിശോധ ആരംഭിച്ചെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപ്പിടിത്തമുണ്ടായത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം വച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും കൊല്ലപ്പെട്ടു.
കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ , പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാലു പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തേ മുക്കാലോടെയായിരുന്നു അപകടമുണ്ടായത്. കാറിന‍്‍റെ മുന്‍ സീറ്റിലുണ്ടായിരുന്നവരാണ് അതിദാരുണമായി കൊല്ലുപ്പെട്ടത്. കാറിന്‍റെ ഡോര്‍ ജാമായതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന പ്രജിത്താണ് പിന്‍ വാതില്‍ തുറന്ന് നല്‍കിയത്. ഇതിലൂടെ പിന്‍ സീറ്റിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

റീഷയുടെ മകൾ ശ്രീ പാർവതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവരാണ് വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തീ കത്തി പടര്‍ന്നതോടെ ഓടിക്കൂടിയവര്‍ക്കും ഫയര്‍ ഫോഴ്സിനും മുന്‍ സീറ്റിലുണ്ടായിരുന്നവരെ പുറത്ത് എത്തിക്കാന്‍ കഴിയാതെ വരികയായിരുന്നു. തീ അണച്ച ശേഷവും കാറില്‍ നിന്ന് പുക ഉയരുന്ന സ്ഥിതി വന്നതോടെ ഫയര്‍ ഫോഴ്സ് വീണ്ടും വെള്ളം പ്രയോഗിച്ചാണ് പുക നിയന്ത്രിച്ചത്.

Related Articles

Latest Articles