ഭിവാനി: രാജസ്ഥാനിലെ ഭരത്പുരിൽനിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നാരോപിച്ച് ഹരിയാനയിൽ അറസ്റ്റ് ചെയ്ത വ്യക്തിയുടെ ഭാര്യയുടെ ഗർഭം രാജസ്ഥാൻ പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡിനിടെ നടത്തിയ മർദ്ദനത്തിൽ അലസിയതായി പരാതി.
ഇപ്പോൾ ഒളിവിലായ ശ്രീകാന്ത് പണ്ഡിറ്റിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . പൂർണ ഗർഭിണിയായിരുന്ന മരുമകൾക്കു ഗർഭം അലസാൻ കാരണം രാജസ്ഥാൻ പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡ് ആണെന്നുംറെയ്ഡിൽ മരുമകൾക്ക് ക്രൂര മർദനമേറ്റെന്നും ശ്രീകാന്തിന്റെ അമ്മ ദുലാരി ദേവി ഹരിയാന പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു .ശ്രീകാന്തിനെ കിട്ടാതായതോടെ മറ്റു രണ്ടു മക്കളെക്കൂടി പൊലീസുകാർ പിടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
ശ്രീകാന്തിനെ അന്വേഷിച്ച് വീട്ടിലേക്കു നാൽപ്പതോളം രാജസ്ഥാൻ പൊലീസ് സേനാംഗങ്ങളാണു വീട്ടിൽ അതിക്രമിച്ചു കയറിയത്. മകൻ വീട്ടിലില്ലെന്നു പറഞ്ഞപ്പോൾ ഇയാളുടെ അമ്മയെയും ഗർഭിണിയായ മരുമകളെയും പോലീസ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി .മർദനത്തിനിടെ മരുമകളുടെ വയറ്റിൽ പൊലീസ് ചവിട്ടി. വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി വയറ്റിനുള്ളിൽവച്ച് മരിച്ചിരുന്നു. മരുമകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

