Sunday, January 4, 2026

മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ആശങ്ക; ലൂണയ്ക്ക് പിന്നാലെ ഇവാൻ കലിയുഷ്‌നിയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതായി റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ യുക്രൈൻ സൂപ്പർതാരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നിലവിൽ സൂപ്പര്‍ കപ്പ് ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം കൂടി അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.

കലിയുഷ്‌നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ഒരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മെര്‍ഗുല്‍ഹാവോ ട്വീറ്റ് ചെയ്തത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടു എന്നായിരുന്നു മെര്‍ഗുല്‍ഹാവോയുടെ മറുപടി. നേരത്തെ താരം വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ താരം തിരികെ യുക്രൈനിലേക്ക് മടങ്ങിയെന്നുള്ള അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബെംഗളൂരു എഫ്‌.സിക്കെതിരേയുള്ള നിര്‍ണായകമായ മത്സരമാണ് ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. അതിന് മുമ്പ് സൂപ്പര്‍താരം ടീം വിട്ടത് തിരിച്ചടിയാകും. നേരത്തെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും സൂപ്പർകപ്പിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞ താരമാണ് യുക്രൈനില്‍നിന്ന് കേരളത്തില്‍ എത്തിയ കലിയുഷ്‌നി. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടി.

Related Articles

Latest Articles