ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇന്നലെ രാത്രിയാണ് ജെ എന്‍ യുവില്‍ വിഘടനവാദികളുടേതിന് സമാനമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ക്യാമ്പസിനുള്ളിൽ കുറച്ചാളുകൾ ഇരുട്ടിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് മോശമായ ഭാഷയും ഇവർ ഉപയോഗിച്ചു.
അതേസമയം ജമ്മു സർവകലാശാലയിലെ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാർ തീരുമാനം ആഘോഷമാക്കി . തെലങ്കാന ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലും ഉത്സവാന്തരീക്ഷമായിരുന്നു.
2016 ഫെബ്രുവരി 9 ന് രാജ്യവിരുദ്ധ മുദ്രാവാക്യം ക്യാമ്പസിനകത്ത് മുഴങ്ങിയതോടെയാണ് ജെ എൻ യുവിലെ രാജ്യവിരുദ്ധത ചർച്ചയായത്. പാർലമെന്റ് ആക്രമണത്തിൽ പ്രതിയായ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടതിൽ പ്രതിഷേധിച്ച് നടന്ന പരിപാടിയിലാണ് മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. പ്രമുഖ സിപിഐ നേതാവും ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ സംഘടിപ്പിച്ച പരിപാടിയില്‍ വളരെ പ്രകോപനപരമായ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമാണ് മുഴങ്ങിയത്. ജെ എന്‍ യുവിലെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ കേന്ദ്രം അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

