Sunday, September 20, 2026

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ബ്രൗൺ ഷുഗറുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് സിനാൻ പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോഡിന്റെയും കസബ പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

മാങ്കാവിലും പരിസര പ്രദേശങ്ങളിലുമായി രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപ്പന സജീവമാണെന്ന് ഡാൻസഫ് സ്‌കോഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മുൻപ് നിരവധി തവണ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ വ്യക്തിയാണ് സിനാൻ. കഴിഞ്ഞ ദിവസം രാത്രി ചില്ലറ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി യുവാവ് പോലീസിന്റെ വലയിലാവുകയായിരുന്നു.

പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. കച്ചവടത്തിനായി പാക്കറ്റുകളിൽ സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി പതിവായി കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles