ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യഷ് ദബാസാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. 24,576 വോട്ടുകള്‍ നേടിയാണ് ദബാസ് വിജയം ഉറപ്പിച്ചത്.
വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ കാഞ്ചാവാല (Kanjhawala) സ്വദേശിയായ യഷ് ദബാസ് കായികരംഗത്ത് തിളങ്ങി നിന്നശേഷമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഓസ്‌ട്രേലിയ, സ്‌പെയിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ (ITF) ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ നാഷണല്‍സ്, എസ്.ജി.എഫ്.ഐ നാഷണല്‍സ്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയിലും ദില്ലി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് നോര്‍ത്ത് ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്.
ദില്ലി സര്‍വകലാശാലയിലെ തന്നെ വിവിധ സ്ഥാപനങ്ങളിലായിരുന്നു യഷിന്റെ പഠനം. ദില്ലി സര്‍വകലാശാലയിലെ ശ്രീ ഗുരു തേജ് ബഹാദൂര്‍ ഖല്‍സ കോളേജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കി. ദില്ലി സര്‍വകലാശാലയുടെ ഫാക്കല്‍റ്റി ഓഫ് ലോയിലെ ക്യാമ്പസ് ലോ സെന്ററില്‍ (CLC) നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കി. നിലവില്‍ ദില്ലി സര്‍വകലാശാലയിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ (Master’s Degree) വിദ്യാര്‍ത്ഥിയാണ്.
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് തൊട്ടുപിന്നാലെ യഷ് ദബാസിന്റേതെന്ന പേരില്‍ ഒരു വ്യാജ മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദം ഉടലെടുത്തിരുന്നു. പ്രസ്തുത മാര്‍ക്ക് ഷീറ്റിലെ അക്കാദമിക് യോഗ്യത ചൂണ്ടിക്കാട്ടി എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും യഷിനെതിരെ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എതിരാളികള്‍ നടത്തിയ ഒരു ദുഷ്പ്രചാരണം മാത്രമാണിതെന്ന് എ.ബി.വി.പി വ്യക്തമാക്കുകയും ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രചരിച്ച രേഖയുടെ സത്യവിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ക്യാമ്പസ് സുരക്ഷക്കും വിദ്യാര്‍ത്ഥികളുടെ സൗകര്യങ്ങള്‍ക്കുമാണ് യഷ് ദബാസ് പ്രാധാന്യം നല്‍കിയത്. ക്യാമ്പസുകളിലും വനിതാ കോളേജുകള്‍ക്ക് സമീപവും ‘പിങ്ക് ബൂത്തുകള്‍’ സ്ഥാപിക്കുക, ‘വാമിക’ (Vamika) സുരക്ഷാ വാനുകള്‍ വിന്യസിക്കുക, 1,000-ത്തിലധികം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക. സുരക്ഷിതവും മിതമായ നിരക്കിലുള്ളതുമായ താമസസൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. എന്‍.എസ്.യു.ഐ (NSUI) സ്ഥാനാര്‍ത്ഥിയായ വിജയ് ശങ്കര്‍ മീനയെ 2,053 വോട്ടുകള്‍ക്കാണ് യഷ് ദബാസ് പരാജയപ്പെടുത്തിയത്. 5,377 വോട്ടുകള്‍ നേടി ഇടത് സ്ഥാനാര്‍ത്ഥി അനന്യ രതൂരി മൂന്നാം സ്ഥാനത്തെത്തി.

