Sunday, November 1, 2026

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍ കറുത്ത പുകയും തീജ്വാലകളും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക സൂചനകള്‍, എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിമാനത്താവളത്തിലെ ഇന്ധന സംഭരണശാലയിലാണ് (Fuel storage depot) പുക ഉയര്‍ന്നതായി കണ്ടത്. സംഭവത്തെത്തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെയും സമീപ നഗരമായ അല്‍-ഖര്‍ജിലെയും (Al-Kharj) നിവാസികള്‍ക്ക് സൗദി സിവില്‍ ഡിഫന്‍സ് (Saudi Civil Defence) ഫോണുകള്‍ വഴി നേരിട്ട് അടിയന്തര ജാഗ്രതാ സന്ദേശങ്ങള്‍ (Alert System) അയക്കുകയായിരുന്നു.

വ്യോമാക്രമണ ഭീഷണിയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിക്കുന്ന സന്ദേശങ്ങളാണ് ജനങ്ങളുടെ മൊബൈലുകളില്‍ എത്തിയത്. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു. യെമനില്‍ പോരാട്ടം ശക്തമായതോടെ ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ സാധാരണക്കാര്‍ക്കും ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും (Energy infrastructure) നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (UN Security Council) കഴിഞ്ഞ ദിവസം രൂക്ഷമായി അപലപിച്ചിരുന്നു. വിമാനത്താവളത്തിന് സമീപമുണ്ടായ തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ സൗദി ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles