Monday, January 5, 2026

വീണ്ടും ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണശ്രമം;വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം,യുവാവ് പിടിയില്‍

കൊച്ചി: വീണ്ടും ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണശ്രമം.എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ജീവനക്കാർക്ക് നേരെ ആക്രമണശ്രമം ഉണ്ടായത്.കൂടാതെ വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു.പ്രതിയെ പോലീസ് കയ്യോടെ പിടികൂടി.ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ രണ്ട് തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിനിടെയാണ് അനിൽകുമാർ ഡോക്ടർക്ക് നേരെ അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ഭിത്തിയിൽ തലയിടിച്ചു പരിക്കേൽപ്പിച്ചു. വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അനിൽകുമാറിനെതിരെ പൊലീസ് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Related Articles

Latest Articles