ദില്ലി : രാജ്യത്തെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ റെയിൽവെയുടെ സ്വച്ഛ് റെയിൽ മിഷൻ ബ്രാൻഡ് അംബാസഡറും സാമൂഹ്യ സേവന സംഘടനയായ ‘സുലഭ് ഇന്റർനാഷനൽ’ സ്ഥാപകനുമായ ബിന്ദേശ്വർ പഥക് (80) അന്തരിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പതാക ഉയർത്തിയ ശേഷം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കിച്ചെങ്കിലും ഉച്ചയോടെ അദ്ദേഹം മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജ്യത്തെ വീടുകളിൽ 1.3 ദശലക്ഷം ശുചിമുറികളും 54 ദശലക്ഷം പൊതു ശുചിമുറികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു. ചുരുങ്ങിയ ചെലവിലാണ് ശുചിമുറികൾ നിർമിച്ചത്. തോട്ടിപ്പണി നിർത്തലാക്കുന്നതിനുവേണ്ടി നിരന്തരം പ്രവർത്തിച്ചു. 50,000 സന്നദ്ധ പ്രവർത്തകരാണ് ഇന്ന് സുലഭുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. 1991ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചു. രാജ്യത്തിന് വലിയ നഷ്ടമാണ് പഥക്കിന്റെ മരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

