Monday, May 13, 2024
spot_img

മുഖ്യമന്ത്രിക്ക് ആശ്വാസം ! ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്തയും ഉപലോകായുക്തമാരും ഹർജി തള്ളി ! ലോകായുക്ത സ്വാധീനിക്കപ്പെട്ടുവെന്നും ഉണ്ടായത് സത്യസന്ധമായ വിധിയല്ലെന്നും പ്രതികരിച്ച് ഹർജിക്കാരൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിപണം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ആശ്വാസം. ദുരിതാശ്വാസനിധി പണം ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത വിധിച്ചു. മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ അനുകൂല തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു.

“മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ല” – ലോകായുക്ത വിധിയിൽ പറയുന്നു.

വാദം കേട്ട രണ്ട് ഉപലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ സമർപ്പിച്ച ഇടക്കാല ഹർജിയും ഇന്ന് തള്ളി.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബർ ഏഴിനാണ് തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്.ശശികുമാർ ലോകായുക്തയില്‍ പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍, ലോകയുക്തയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ന്യായാധിപര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതിലെ ഭിന്നാഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഫുള്‍ ബെഞ്ചിന് വിട്ടത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലിക്ക് പുറമെ വാഹന വായ്പ, സ്വര്‍ണ്ണ പണയ വായ്പ എന്നിവ തിരിച്ചടക്കുന്നതിന് 8.6 ലക്ഷം രൂപയും, എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു നല്‍കിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.

അതേസമയം കേസ് പരിഗണനയില്‍ നില്‍ക്കവെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമായിരുന്നു. പിന്നാലെ പിആര്‍ഡി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ ദൃശ്യങ്ങളില്‍ ഇരുവരേയും ഒഴിവാക്കുകയും വാര്‍ത്താക്കുറിപ്പില്‍നിന്ന് ഇവരുടെ പേരുകള്‍ മാറ്റുകയും ചെയ്തിരുന്നു

ലോകായുക്ത സ്വാധീനിക്കപ്പെട്ടുവെന്നും ഉണ്ടായത് സത്യസന്ധമായ വിധിയല്ലെന്നും ഹർജിക്കാരൻ ആർ.എസ് ശശി കുമാർ പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles