Sunday, September 20, 2026

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം രാതി എട്ടേകാലോടെ സ്കൂട്ടറിലെത്തിയ സംഘമാണ് ഹരിഹരൻ്റെ തേഞ്ഞിപ്പലം ഒളിപ്രംകടവിലെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഈ സ്ഫോടക വസ്തു വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് തകർന്നതിനാൽ വൻ അപകടം ഒഴിവായി. സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ അക്രമി സംഘം മടങ്ങിയെത്തി വാരിക്കൊണ്ട് പോയെന്നും വൈകുന്നേരം മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഹരിഹരൻ പറഞ്ഞു.

നേരത്തെ വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഹരിഹരൻ നടത്തിയ പരാമർശം വിവാദമായിരുന്നു. സിപിഎം വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം എന്ന സന്ദേശവുമായി യുഡിഎഫും ആര്‍എംപിയും കഴിഞ്ഞദിവസം വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.
പിന്നാലെ ഹരിഹരന്റെ പ്രസംഗത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നല്‍കിയത്. പിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് കെ.എസ് ഹരിഹരൻ ആരോപിക്കുന്നത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ ആഹ്വാന പ്രകാരമായിരുന്നു ആക്രമണമെന്ന് ആർഎംപിയും പ്രതികരിച്ചു.

വടകരയിൽ യു.ഡി.എഫ് – ആർ.എം.പി സംഘടിപ്പിച്ച ജനകീയ കാമ്പയിൻ പരിപാടിയിൽ കെ.എസ് ഹരിഹരൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

Related Articles

Latest Articles