നവകേരള സദസിനായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ സഞ്ചരിക്കുന്ന ബസിൻറെ ചക്രങ്ങൾ കഴിഞ്ഞ ദിവസം ചെളിയിൽ താഴ്ന്നിരുന്നു. നവകേരള സദസിനായി മന്ത്രിമാർ വയനാട്ടിലെത്തിയപ്പോഴാണ് ബസ് ചെളിയിൽ കുടുങ്ങിയത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മൈതാനത്ത്, പാർക്ക് ചെയ്ത ബസിൻറെ ചക്രങ്ങൾ ചെളിയിൽ പൂണ്ടു പോകുകയായിരുന്നു. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് മൈതാനത്ത് ചെളി നിറഞ്ഞത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പരിഹാസവുമായെത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവതി പ്രഭീഷ്. ന്യൂയോർക്ക് മോഡൽ റോഡിൽ, ഡച്ച് സാങ്കേതിക വിദ്യ എത്തിയപ്പോൾ, മുഖ്യനും കൂട്ടരും സഞ്ചരിച്ച ഒരു കോടി അഞ്ചു ലക്ഷം രൂപയുടെ ആഡംബര ബസ്സ് ചളിയിൽ താഴ്ന്നു. എന്ത്, ആടി ഉലയുന്ന കപ്പലിനെ നേരെ നിറുത്തുന്ന കപ്പിത്താൻ അകത്തുള്ളപ്പോൾ ബസ്സ് ചെളിയിൽ താഴ്ന്നുവെന്നോ ? അസംബന്ധം എന്നാണ് അഞ്ജു പാർവതി കേരള സർക്കാരിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധിപേർ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിഡിയോയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതും വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്. സഖാവ് അപ്പുറത്തു തള്ളിക്കൊണ്ടിരിക്കുമ്പോൾ വണ്ടി താനെ മുന്നോട്ട് പോകുമായിരുന്നല്ലോ, നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന പരിഹാസം. അതേസമയം, മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷം ബസ് ചെളിയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ പരിശ്രമിച്ചെങ്കിലും വണ്ടി ചെളിയിൽ നിന്ന് കയറ്റാനായില്ല. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസുകാരും നാട്ടുകാരും ചേർന്ന് കെട്ടിവലിച്ചാണ് ബസ് ചെളിയിൽ നിന്ന് കയറ്റിയത്.

