കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന നിഗമനത്തിൽ പോലീസ്. തിങ്കളാഴ്ച വൈകിട്ട് അബിഗേലിനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല-കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പോലീസിന് സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റനിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേൽ പോലീസിനു മൊഴി നൽകി.
സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് അബിഗേലിനെ കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാനായില്ല. അബിഗേൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് പുതിയ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പോലീസ്.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ അബിഗേലിനു മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. നിലവിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്നു വൈകിട്ടോടെ വീട്ടിലേക്ക് വിട്ടയക്കാനാണ് തീരുമാനം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയിൽ ഒപ്പമുണ്ട്.

