Tuesday, January 13, 2026

വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി ! പ്രതികൾ ഡാർക്ക് വെബ് അടക്കം ഉപയോഗിക്കുന്നുണ്ടെന്ന് സൂചന ; ഇന്ന് ഭീഷണിയുണ്ടായത് 13 വിമാനങ്ങൾക്ക് നേരെ

രാജ്യത്ത് വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ എയർലൈൻ, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. 13 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായത്.

പൂനെയിൽ നിന്ന് ജോധ്പൂരിലേക്കുള്ള ഇൻഡിഗോ 6E133 വിമാനം, ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ആകാശ എയർ വിമാനം, യുകെ 25 (ദില്ലി -ഫ്രാങ്ക്ഫർട്ട്), യുകെ 106 (സിംഗപ്പൂർ -മുംബൈ), യുകെ 146 (ബാലി -ദില്ലി ), യുകെ 116 (സിംഗപ്പൂർ -ദില്ലി ), യുകെ 110 (സിംഗപ്പൂർ -പുണെ), യുകെ 107 (മുംബൈ -സിംഗപ്പൂർ വരെ) വിസ്താര വിമാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായത്.

കർണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകൾ ലഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും വിമാനത്താവളത്തിൽ പരിശോധന നടത്തിയതിനെ തുടർന്ന് ഭീഷണി വ്യാജമാാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രാത്രി ബെം​ഗളൂരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് ഭീഷണിയുണ്ടായത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വർധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ദില്ലി പോലീസ്. സൈബർ സെല്ലിന്റെയും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം നടത്തുക. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് മാത്രം എഴുപതോളം വ്യാജ ഭീഷണികളാണ് ഇത്തരത്തിൽ ഉണ്ടായത്.

Related Articles

Latest Articles