ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി, നരതിവാട്ട് പ്രവിശ്യകളിലായി 11 പെട്രോൾ പമ്പുകൾക്ക് നേരെയാണ് അക്രമികൾ സ്ഫോടനം നടത്തിയത്. അർദ്ധരാത്രിക്ക് ശേഷം 40 മിനിറ്റിനുള്ളിൽ നടന്ന സ്ഫോടനങ്ങളെത്തുടർന്ന് പമ്പുകളിലെ ഇന്ധന ടാങ്കുകൾക്കും സമീപത്തെ കടകൾക്കും തീപിടിച്ചു. പരിക്കേറ്റവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് നരതിവാട്ട് പ്രവിശ്യയിൽ സൈന്യം രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. മലേഷ്യയുമായുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും സൈന്യം അറിയിച്ചു. ഞായറാഴ്ച നടന്ന പ്രാദേശിക ഭരണസമിതി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനായി നടത്തിയ ഒരു ‘സന്ദേശം’ മാത്രമാണ് ഈ ആക്രമണമെന്നും അല്ലാതെ ഇതൊരു ഭീകരാക്രമണമല്ലെന്നും തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ പ്രതികരിച്ചു.
സ്ഫോടനം നടന്ന മേഖലകളിൽ സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തുകയാണ്. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും ജാഗ്രത ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. 2004 മുതൽ സ്വയംഭരണത്തിനായി വിഘടനവാദികൾ പോരാട്ടം നടത്തുന്ന മേഖലയാണിത്. ആക്രമണത്തിൽ മലേഷ്യൻ പൗരന്മാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

