തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് അനുവദിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്റ്റേഷനിൽ ഹാജരാകേണ്ടതില്ല. പൊലീസ് രാഷ്ട്രീയം കളിക്കുന്നുവെന്നും ഇതിന് മുമ്പ്, ഈ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന പൊലീസിന്റെ നിലപാട് താനെ പ്രചാരണരംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള ശ്രമമാണ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു.
ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത് . എന്നാൽ, ഇത്തരത്തിലുള്ള നടപടികൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സെക്രട്ടറിയേറ്റ് മാർച്ചിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് പറഞ്ഞിരുന്നത്.

