Friday, December 26, 2025

ഫ്ലാറ്റ് തട്ടിപ്പ് കേസ് ! നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും ഒന്നര കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഫ്ലാറ്റ് തട്ടിപ്പുകേസില്‍ നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി ഇഡി. തിരുവനന്തപുരത്ത് പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. 2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോൺ ജേക്കബ്, ജോണിന്‍റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്ന് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016 ല്‍ അറസ്റ്റിലായിരുന്നു.

ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്‌മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്.

Related Articles

Latest Articles