ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അന്വേഷണറിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ). ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയത് . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും ഏജൻസി പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന് ഉള്‍പ്പെടെ 20 പേരുടെ മൊഴിയെടുത്തു. ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ് കര്‍ത്തയുടേയും മൊഴി രേഖപ്പെടുത്തി. സര്‍ക്കാര്‍ അനുമതി നല്കിയാല് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കും.
എസ്എഫ്ഐഒയുടേത് സ്വതന്ത്ര അന്വേഷണമാണെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് അന്വേഷണവുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ല എന്നുമായിരുന്നു സിഎംആര്‍എല്ലിന്റെ ഹര്‍ജി.

