ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാര്‍ട്ടി’ (സിജെപി) ദില്ലിയില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചിനായി ഒരുങ്ങുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേന്ദ്ര സര്‍ക്കാരിന്റേത് കേവല ജനാധിപത്യ ധ്വംസനമാണെന്ന് കസ്റ്റഡിയിലെടുക്കവേ പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ സിജെപി നടത്തുന്ന ഈ സമരത്തിന് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്തര്‍ മന്തറില്‍ സിജെപിയുടെ സമരം ആരംഭിക്കാനിരിക്കെ ദില്ലിയില്‍ പോലീസ് കടുത്ത നിയന്ത്രണങ്ങളും വ്യാപക അറസ്റ്റുമാണ് നടത്തുന്നത്. സമരവേദിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് മാറ്റുകയും ചെയ്തു. സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ദില്ലിയില്‍ വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്: കേന്ദ്ര സായുധ സേനാ വിഭാഗങ്ങള്‍ അടക്കം അന്‍പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
ദില്ലിയിലെ 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. 254 ട്രെയിനുകള്‍ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള പ്രധാന മാര്‍ക്കറ്റുകള്‍ പൂര്‍ണ്ണമായി അടപ്പിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ജന്‍പഥ് ജംഗ്ഷന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുകയാണ്.

