Tuesday, October 27, 2026

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് ദില്ലിയിലെത്തിയ ദീപ്‌കേ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അഭിജിത് ദീപ്‌കേയോടൊപ്പം വിമാനത്തിലുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പോലീസ് വിമാനത്തിനുള്ളില്‍ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്ന് കസ്റ്റഡിയിലായ ശേഷം അഭിജിത് ദീപ്‌കേ മാധ്യമങ്ങളോട് പ്രതികരിച്ചു.

അറസ്റ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ അറിയാമായിരുന്നെന്നും എന്നാല്‍ ഭയന്ന് പിന്മാറില്ലെന്നും അഭിജിത് ഇന്നലെ വ്യക്തമാക്കിയിരുന്നു. അഭിജിത് ദീപ്‌കേയെ പോലീസ് വിമാനത്താവളത്തില്‍ നിന്ന് മാറ്റിയതായാണ് പുറത്തുവരുന്ന സൂചനകള്‍.

സിജെപിയുടെ ദില്ലി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ ധ്രുവ് റാഠി, രത്‌നസിംഗ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ദില്ലിയില്‍ ഉടനീളം വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles