ബദരിനാഥ് : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി. 25 തൊഴിലാളികൾ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥയെയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പിന് സമീപമാണ് സംഭവം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ബിആര്‍ഒ ടീമുകള്‍ എന്നിവർ സംയുക്തമായാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്.
ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തിക്കുന്നത് കനത്ത വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തും.

