ആക്സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിലാണ് സംഘം ഇന്ന് വൈകുന്നേരം 4 മണിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്. ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ശുഭാംശു ശുക്ലയാണ് പൈലറ്റ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1984 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്ട് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ മിഷന്‍ സ്‌പേഷ്യലിസ്റ്റുകളാണ്.
ബഹിരാകാശ സഞ്ചാരികള്‍ ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കും. അവിടെ അവര്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ അടക്കമുള്ളവ നടത്തും. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ അവര്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും.ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി എങ്ങനെ തയ്യാറെടുക്കണം എന്നത് സംബന്ധിച്ച അറിവുകള്‍ നേടാന്‍ ശുഭാംശുവിന്റെ പരിശീലനങ്ങളിലൂടെയും അനുഭവ പരിചയത്തിലൂടെയും സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.
നേരത്തെ മോശം കാലാവസ്ഥ, സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ കണ്ടെത്തിയ ചോര്‍ച്ച, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ആക്‌സിയം-4 ദൗത്യം പലതവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സും ചേര്‍ന്നാണ് ആക്‌സിയം-4 ദൗത്യം സംഘടിപ്പിക്കുന്നത്.

