Monday, November 16, 2026

പണത്തിനായി രാജ്യത്തിനെ ഒറ്റി !പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേനയിലെ ക്ലർക്ക് അറസ്റ്റിൽ ! വിവരങ്ങൾ കൈമാറിയത് ഐഎസ്‌ഐ ഏജന്റായ പാക് യുവതിക്ക്

ജയ്പുർ: ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ഇന്ത്യൻ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ. ദില്ലിയിലെ നാവികസേനാ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് ഡോക്‌യാര്‍ഡിലെ ക്ലർക്ക് വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് 1923-ലെ ഒദ്യോഗിക രഹസ്യനിയമപ്രകാരം ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്ന യാദവ് കടബാധ്യതയിലകപ്പെട്ടിരുന്നതായാണ് വിവരം. കടബാധ്യത തീർക്കാനുള്ള മാർഗമെന്ന നിലയിലാണ് ഇയാൾ ചാരപ്പണിയിലേക്ക് ഇറങ്ങിയത്. രഹസ്യം ചോർത്തിക്കൊടുത്തതിനുള്ള പ്രതിഫലം, ട്രേഡിങ് അക്കൗണ്ടുകള്‍ വഴിയും ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും ഇയാൾ സ്വീകരിച്ചതായി പോലീസ് പറയുന്നു.

ഇന്ത്യൻ സ്ത്രീ എന്ന നിലയിൽ ഇയാളെ സമീപിച്ച ഐഎസ്‌ഐ ഏജന്റായ പാക് യുവതിക്കാണ് വിവരങ്ങൾ കൈമാറിയത്. രണ്ട് ലക്ഷം രൂപയാണ് ചാരപ്പണിക്ക് ഇയാൾക്ക് പ്രതിഫലം ലഭിച്ചത്. പ്രിയ ശർമ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ലഭിച്ച റിക്വസ്റ്റിലാണ് തുടക്കം. ആദ്യഘട്ടത്തിൽ ഇരുവരും തമ്മിൽ ഫേസ്ബുക്ക് ചാറ്റിങ് മാത്രമായിരുന്നു. തുടർന്ന്, ബന്ധം കൂടുതൽ വളർന്നതോടെ വാട്സാപ്പിലൂടെയായി ചാറ്റിങ്. ഇതിനിടെ ചെറുരഹസ്യങ്ങൾ ഇയാളിൽനിന്ന് പ്രിയ ശർമ്മ ശേഖരിച്ചു.

ഓരോ വട്ടവും തന്ത്രപ്രധാനവിവരങ്ങൾ ഇയാൾ പങ്കുവെച്ചപ്പോൾ അയ്യായിരം, ആറായിരം രൂപ വീതം നൽകിയിരുന്നു. പിന്നീട് കൂടുതൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങി. ഇതിനായി ടെലഗ്രാമിലൂടെയായി ബന്ധം. എത്രത്തോളം വിവരങ്ങളാണ് ഇയാൾ പാകിസ്ഥാന് ചോർത്തി നൽകിയത് എന്നത് ഇനിയും വ്യക്തമല്ല. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles