തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടത്തി.
കുട്ടിയുടെ ആരോഗ്യനിലയില്‍ നിലവിൽ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആകുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. മസ്തിഷ്‌കരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവന്‍ ആശങ്കയിലാണ്. മറ്റാര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങളില്ല എന്നത് ആശ്വാസകരമാണ്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബിക് മസ്തിഷ്ക ജ്വരം വളരെ അപൂർവവും എന്നാൽ മാരകവുമായ ഒരു രോഗമാണ്. ശുദ്ധജലത്തിൽ കാണപ്പെടുന്ന, ‘നെഗ്ലേറിയ ഫൗലെറി’ (Naegleria fowleri) എന്നയിനം അമീബ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ അമീബയെ ‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’ (brain-eating amoeba) എന്നും വിളിക്കാറുണ്ട്. സാധാരണയായി നദികൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, ചൂടുനീരുറവകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്.
രോഗം എങ്ങനെ പകരുന്നു?
ഈ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (Primary Amebic Meningoencephalitis-PAM) എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.
രോഗലക്ഷണങ്ങൾ
അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 1 മുതൽ 12 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
കടുത്ത തലവേദന
പനി
ഛർദ്ദി
കഴുത്ത് വേദന
ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
കോച്ചിപ്പിടിത്തം (seizures)
രോഗം അതിവേഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

