തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചു കിട്ടിയെന്നാണ് വിവരം. അതേസമയം 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല.
അതേസമയം പട്ടികയിൽനിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് . https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാം. ഇന്നലെ വൈകുന്നേരമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയിൽ നിന്ന് പുറത്തായവരുടെ പട്ടിക കാണാനായി https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തിരഞ്ഞെടുക്കുക. ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ലിക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പട്ടികയിൽനിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം. ക്രമനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണു പട്ടികയിലുള്ളത്. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, രണ്ടോ അതിൽക്കൂടുതൽ തവണയോ പട്ടികയിൽ പേരുള്ളവർ, ഫോം വാങ്ങുകയോ തിരിച്ചു നൽകുകയോ ചെയ്യാത്തവർ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.
മതിയായ കാരണങ്ങളില്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം. ഫോം പൂരിപ്പിച്ചു നൽകി തെറ്റു തിരുത്താൻ ഇന്നു വരെയാണ് അവസരം. ഫോം നൽകിയാൽ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബിഎൽഒമാർക്കും പട്ടിക കൈമാറും.
പരാതിൾ ഈ മാസം 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ച് പേര് ചേർക്കാം. പ്രവാസി വോട്ടർമാർക്ക് ഫോം 6എ നൽകിയും പേരു ചേർക്കാം. വിലാസം മാറ്റാനും തെറ്റു തിരുത്താനും ഫോം 8 നൽകണം. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവരെ ഹിയറിങ്ങിനു വിളിക്കും. ഹിയറിങ്ങിനു ശേഷം ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഒന്നാം അപ്പീൽ നൽകാം.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫിസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരമുണ്ടാകും.

