Sunday, September 20, 2026

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ അദ്ധ്യാപകനും 3 വിദ്യാർത്ഥിനികൾക്കുമെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

ഡിസംബർ 26-ന് ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരി, കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസർ അശോക് കുമാർ തന്നോട് അശ്ലീലമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി വീഡിയോയിൽ പറയുന്നുണ്ട്. ആശുപത്രി കിടക്കയിൽ അവശയായി കിടക്കുന്ന പെൺകുട്ടി, പ്രൊഫസർ തന്നെ മോശമായ രീതിയിൽ സ്പർശിക്കാറുണ്ടായിരുന്നുവെന്നും നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തുന്നു. സെപ്റ്റംബർ 18-ന് കോളേജിലെ മൂന്ന് സീനിയർ വിദ്യാർത്ഥിനികൾ തന്നെ ക്രൂരമായി മർദ്ദിക്കുകയും ഈ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

ക്രൂരമായ റാഗിങ്ങിനും ലൈംഗിക പീഡനത്തിനും പിന്നാലെ പെൺകുട്ടിയുടെ മാനസിക നില തകരുകയും ശാരീരിക ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തിരുന്നു. ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പ്രൊഫസർ അശോക് കുമാറിനെതിരെ ലൈംഗികാതിക്രമത്തിനും, ഹർഷിത, ആകൃതി, കൊമോലിക എന്നീ വിദ്യാർത്ഥിനികൾക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടി വലിയ ആഘാതത്തിലായിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.

അതേസമയം, കോളേജ് അധികൃതർ ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ്. പെൺകുട്ടി ആദ്യ വർഷ പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നുവെന്നും രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കാത്തതിൻ്റെ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് പ്രിൻസിപ്പൽ രാകേഷ് പഥാനിയയുടെ വിശദീകരണം. കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്കോ അധ്യാപകർക്കോ പെൺകുട്ടി പരാതി നൽകിയിരുന്നില്ലെന്നും ജൂലൈ 29-ന് ശേഷം പെൺകുട്ടി കോളേജിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ വന്ന പരാതിയിൽ കോളേജിൻ്റെ പേര് തെറ്റായി രേഖപ്പെടുത്തിയതിനാൽ അത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. എന്നാൽ, പെൺകുട്ടിയുടെ മരണമൊഴി പുറത്തുവന്നതോടെ കുറ്റവാളികളെ സംരക്ഷിക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാവുകയാണ്.

Related Articles

Latest Articles